മരണ മൊഴി
1
1
കൂട്ടം തെറ്റി മേഞ്ഞ കുഞ്ഞാടിന് ,
പാതിവഴിയില്‍ യാത്രനിര്‍ത്തി
മരണത്തിന്റെ ആഴം കണ്ട സുഹൃത്തിന്
വൃച്ചിക പ്പുലരിയില്‍
നിനക്കാതെ പെയ്ത മഴയില്‍
ഒലിച്ചുപോയ കിനാവിന്
അച്ഛന്‍ മരിച്ച സഹാജാതര്‍ക്ക്
ഈ കവിത സമര്‍പ്പിക്കുന്നു .
2
ഇത് നിന്റെ തൂവലാണ്,
ഒരു മേയ് മാസ ഉച്ചയില്‍ എന്റെ കൂട്ടില്‍ വച്ച്
നിന്നില്‍ നിന്നും ഞാന്‍ കവര്‍ന്ന ഓര്‍മ്മ .
നിനക്ക് ഞാനേകിയ സ്നേഹത്തില്‍
നീ ഉഷ്ണ്ണിക്കുന്നത് ഞാനറിഞ്ഞു
തണുപ്പ് തേടി നീ അകലേക്കു പറന്നു.
തൂവല്‍ മാത്രം ബാക്കി ...
3
ഇന്നലെ പെയ്ത പകലില്‍
നാമൊരു കളിയോടമിറക്കി
യാത്രക്കാരനായി ഒരു ചോനനുറുംപ്
നീ തന്നെ കല്ലെറിഞ്ഞു
തോണി മറിച്ചു .
നീന്തലറിയാത്ത ഉറുമ്പിന്റെ പിടച്ചില്‍ -
നീ ആര്‍ത്തു ചിരിച്ചു .
അതിന്റെ തുറിച്ച കണ്ണുകളും
വീര്‍ത്ത വയറും
ഞാന്‍ സ്വപ്നം കാണുന്നു .
ഇപ്പോള്‍ ഉറുമ്പിന്നു പകരം
ഞാനാണ് .
നീ ചിരിക്കുകയാണിപ്പോഴും .
4
ഇത് പോലൊരു സന്ധ്യയില്‍
വളത്തു ണ്ടാല്‍ മുറിഞ്ഞ
നിന്റെ കയ്യിലെ ചോര
ഞാനൊപ്പി യെടുത്തു .
ഇന്ന് നിന്റെ വാക്കിന്റെ
മുനയില്‍ മുറിഞ്ഞ എന്റെ ഹൃദയം ,
നാം സംഗമിച്ച പുല്‍ത്തകിടിയില്‍ .
എന്റെ രക്തം വാര്‍ന്നു വീഴുന്നു ..
ഇതില്‍ -
നിന്റെ പാപങ്ങള്‍ കഴുകുക .
5
എത്രയോ രാവുകളില്‍
നിന്റെ ചുണ്ടിന്റെ ചൂട് ഞാനറിഞ്ഞു
ഞാന്‍ പഠിച്ച
നിന്റെ ഭൂമിശാസ്ത്രത്തിനും
നാം പഠിച്ച
സ്നേഹശാസ്ത്രത്തിനും
ക്ഷമാപണത്തോടെ
ഞാനിതു സമര്‍പ്പിക്കുന്നു
6
വിണ്ടു കീറിയ പാടത്തിന്റെ കരയിലെ
ഉണങ്ങിയ കാഞ്ഞിര മരം .
പറന്നുയരുന്ന പരുന്തിന്റെ-
കൂര്‍ത്ത നഘങ്ങളില്‍
ചോരകിനിയുന്ന എന്റെ ഹൃദയം .
7
നാം തച്ചുടച്ച
ഹൃദയ ചീളുകള്‍ മുറി നിറയെ ..
കാലില്‍ ഒരു നനവ്.
യാത്ര മുടങ്ങുന്നു .
പിന്നില്‍ ചോരത്തുള്ളികള്‍
8
കൂട്ടം തെറ്റിയ കവിയുടെ ശവം
ഗ്രാമത്തിന്റെ വിജനതയില്‍
ആരയോ കാത്തു കിടന്നു .
(1993)

കുറെ ചിന്താശകലങ്ങള്‍ ഇഷ്ടമായി ഇനിയും വരട്ടെ ഇതുപോലെ ഉള്ള പോസ്റ്റുകള്‍
മറുപടിഇല്ലാതാക്കൂ